കാലാവസ്ഥ
20 മുതല്‍ 34 വരെ സെല്‍ഷ്യസാണ് ഈ പ്രദേശത്തിന്റെ അന്തരീക്ഷ ഊഷ്മാവ്. വര്‍ഷത്തില്‍ അധികമാസവും 26 സെല്‍ഷ്യസ് ഊഷ്മാവാണ് അനുവഭപ്പെടുന്നത്. ഏറ്റവും ചൂട് കൂടിയ മാസങ്ങള്‍ ഏപ്രില്‍, മെയ് മാസങ്ങളാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ താരതമ്യേന തണുപ്പ് കൂടുതലാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ മിതശീതോഷ്ണ മേഖലയാണ് ഇവിടം.
കാലാവസ്ഥയും ഭൂപ്രകൃതിയും വച്ച് നോക്കുമ്പോള്‍ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രത്തിന് പറ്റിയ ചുറ്റുപാടുകള്‍ ഇവിടെയുണ്ട്. സംസ്ഥാനത്ത് പ്രധാന ടൂറിസ്റ്റ് റോഡായി അംഗീകരിച്ചിട്ടുള്ള നെയ്യാര്‍ഡാം പേച്ചിപ്പാറ റോഡ് കടന്നുപോകുന്നത് അമ്പൂരി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുകൂടിയാണ്. എന്നാല്‍ അതിന്റെ പ്രാധാന്യം അനുസരിച്ച് വികസനം നാളിതുവരെ ഈ റോഡിന് ഉണ്ടായിട്ടില്ല. അംബരചുംബികളായ കൊണ്ടകെട്ടി, ദ്രവ്യപാറ, കുന്നത്തുമല, കുരിശുമല എന്നീ മലകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു റോപ്പ്വേ നിര്‍മ്മിക്കുമെങ്കില്‍ ലോകത്തിലെ തന്നെ ആകര്‍ഷിണിയമായ ഒരു ടൂറിസ്റ്റ് മേഖലയായി ഈ പ്രദേശം വളര്‍ന്നുവരുമെന്നതില്‍ സംശയമില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാലവര്‍ഷവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷവും ലഭിക്കുന്നു. പരിസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാലാവസ്ഥയെ സാരമായി ബാധിക്കുന്നതിനാല്‍ ഇടമഴകള്‍ ഇപ്പോള്‍ കുറവാണ്. എങ്കിലും 2018 ആഗസ്റ്റ് മാസത്തിലും 2021 അവസാന മാസങ്ങളിലും ഉണ്ടായ കാലവര്‍ഷകെടുതികള്‍ അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ എല്ലാ മേഖലകളെയും കാര്യമായി ബാധിച്ചു. പലര്‍ക്കും വീടുകളും കൃഷി ഇടങ്ങളും നശിച്ചു. ദുരിതം അനുഭവിച്ചവരെ സഹായിക്കാനായി പഞ്ചായത്തിന്റെ കീഴില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കൂടാതെ എല്ലാ മേഖലകളില്‍ നിന്നും കാര്യമായ സഹായ സഹകരണങ്ങള്‍ ലഭിച്ചു.